2012 സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഒരു ഓണക്കവിത


ഓണം തിരുവോണം പൊന്നോണം. ഉണേണം ഉടുക്കേണം കൊടുക്കേണം. കളിക്കേണം ചിരിക്കേണം പാടെണം പിന്നെ 'കൂടേണം' ഇനിയാവേണം നല്ലോണം എന്നോണം.

2012 മേയ് 19, ശനിയാഴ്‌ച

22 Female Kottayam നല്‍കുന്ന പ്രതീക്ഷകള്‍

22 female kottayam എന്ന വലിയ "ചെറിയ" സിനീമയുടെ അണിയറ പ്രവര്‍ത്തകര്‍ക്:- മലയാള സിനിമയിലെ ഇപ്പോഴത്തെ മാറ്റം വളരെ കൌതുകത്തോടെയും പ്രതീക്ഷകളോടെയും വീക്ഷിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് ഞാന്‍. ഇവിടെ കുവൈറ്റില്‍ വളരെ നീണ്ട കാത്തിരിപ്പിന് ശേഷമാണു 22fk റിലീസ് ആകുന്നത്. അതുകൊണ്ട് തന്നെ വളരെ അധികം പ്രതീക്ഷകളോടെയാണ് ഞാന്‍ ഈ സിനിമയും കാണാന്‍ പോയത്.പക്ഷെ ഞങ്ങളുടെ പ്രതീക്ഷക്കും അപ്പുറം നിങ്ങള്‍ ഞങ്ങളെ കൊണ്ട് പോയി..നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ തൊട്ടുള്ള അഭിനന്ദനങ്ങള്‍. പ്രത്ത്യേകിച്ച്ചു റീമയ്ക്ക്..wow..she was amazing...! ഇത്തരത്തിലുള്ള ഒരു സിനിമ, പ്രത്ത്യേകിച്ചു മലയാളികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കാണിച്ച നിങ്ങളുടെ ചങ്കൂറ്റത്തെയും, ആ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ റീമയും ഫഹധും കാണിച്ച ധൈര്യത്തെയും എത്ര അഭിനന്ദിച്ചാലും മതി വരില്ല..കാരണം എവിടെയും ഒരു സ്ത്രീയുടെ വിജയം അത് ഒരിക്കലും അവനു താങ്ങാന്‍ കഴിയില്ല..പ്രത്ത്യേകിച്ച്ചു ഇവിടെ അവന്റെ ഏറ്റവും വലിയ അഹങ്കാരമായ അവന്റെ ജനനേന്ദ്രിയം ഛെദിച്ചു കൊണ്ടാണ് ഒരു പെണ്ണ് പ്രതികാരം ചെയ്യുന്നത് ! സാധാരണ നമ്മുടെ typical മലയാള സിനിമയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു സ്ത്രീയുടെ പുരുഷനോടുള്ള പ്രതികാരം അവള്‍ ഇനി എത്ര താര മൂല്യമുല്ലവള്‍ ആയാലും അംഗീകരിക്കാന്‍ നമ്മുടെ പുരുഷന്മാര്‍ക്കോ സ്ത്രീകള്ക്കോ കഴിയുമായിരുന്നില്ല. പക്ഷെ ഇവിടെ ആ ജനനേന്ദ്രിയ "ശസ്ത്രക്രിയക്ക്" ശേഷം സത്യത്തില്‍ ഞാന്‍ എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ചു. അതിനു എനിക്ക് ആരുടേയും സപ്പോര്‍ട്ട് ലഭിച്ചില്ല എങ്കിലും..അങ്ങനെ ഞാന്‍ ചെയ്തില്ലെങ്കില്‍ അത് എന്റെ മനസ്സാക്ഷിയെ ഞാന്‍ കബളിപ്പിക്കലാകും എന്ന ചിന്തയായിരിക്കാം എന്നെ അതിനു പ്രേരിപ്പിച്ചത്‌..ഇത് കൊണ്ട് തന്നെയാണ് നമ്മുടെ കണ്ടു മടുത്ത മലയാള സിനിമയിലെ typical ഫെമിനിസ്റ്റുകളില്‍ നിന്നും ടെസ്സ തികച്ചും വ്യത്യസ്തവും സ്വീകാര്യതയും നേടുന്നത്. അതിഭാവുകത്തം തീരെ ഇല്ലാതെ, വളരെ സൂക്ഷമതയോടെ, തികച്ചും സ്വഭാവികമായാണ് നിങ്ങള്‍ ഓരോ ഫ്രൈമുകളും കൈകാര്യം ചെയ്തിരിക്കുന്നത് എന്നതിന് തെളിവ് ഈ സ്വീകാര്യത തന്നെയാണ്. എനിക്ക് ഇതിലെ ഓരോ ഫ്രൈമുകളും ഓരോ മനോഹര ചിത്രങ്ങളായാണ് അനുഭവപ്പെട്ടത്‌. പ്രത്യേകിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം ജയില്‍ സീനുകളെ കുറിച്ചാണ്. ഞാന്‍ കണ്ട മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ജയിലിലെ അന്തരീക്ഷം ഇത്ര haunting ആയി ചിത്രീകരിച്ച ഒരു സിനിമ ഇത് വരെ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്‌. അതും ഒരു വനിതാ ജയിലില്‍, ഒരു സംഘട്ടനമോ, ഭീകരന്തരീക്ഷമോ ഇല്ലാതെ തന്നെ,,,അതുകൊണ്ട് തന്നെയാണ് അത് എന്റെ മനസ്സില്‍ ഇപ്പോഴും നില നില്‍ക്കുന്നത്‌..കാരണം മുന്‍കാലങ്ങളില്‍ ഒരു ജയില്‍ സീന്‍ എന്ന് പറയുമ്പോള്‍ പല വിധ മുന്‍ വിധിയോടെ ആയിരിന്നു നമ്മള്‍ അതിനെ വരവെററ് കൊണ്ടിരുന്നത്..അത് ഈ സിനിമയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം എന്റെ മനസ്സില്‍ ജയിലിലെ ഓരോ നിമിഷവും ഇപ്പോഴും എന്നെ haunt ചെയ്തുകൊണ്ടിരിക്കുന്നത്... തീയറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ കൌതുകത്തോടെ സിനിമ കണ്ടിറങ്ങുന്ന ഓരോ സ്ത്രീകളുടെയും മുഖത്ത്‌ നോക്കുകയായിരുന്നു. അവരില്‍ അപ്പോള്‍ നിഴലിചിരുന്ന ആ ഒരു മനോ ധൈര്യവും അഭിമാനവും അവര്‍ വീട്ടിലെത്തുമ്പോഴേക്കും ചോര്‍ന്നു പോകില്ല എന്നാണ് എനിക്ക് തോന്നിയത്‌. സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്ക് പേര് കേട്ട നമ്മുടെ ഈ "സാംസ്കാരിക" കേരളത്തില്‍ സാമാന്യ പുരുഷന്‍മാര്‍ക്കു, പ്രത്തെകിച്ച് മലയാളിക്ക് ഇത് വരെ സ്ത്രീകളോട് ഉണ്ടായിരുന്ന സമീപനത്തില്‍ ഒരു നേരിയ വ്യത്യാസം ഈ സിനിമ മൂലം ഉണ്ടായാല്‍ അട്ഭുതപ്പെടെണ്ടതില്ല. അവിടെയാണ് ഒരു സാമൂഹിക പ്രതിബദ്ധത എന്ന നിലയിലും നിങ്ങളുടെ ഈ സംരംഭം വന്‍ വിജയമാകുന്നത്.രണ്ടു പെണ്‍ കുട്ടികളുടെ ഉപ്പയായ എനിക്ക് ഈ സിനിമ ഈ കലി യുഗത്തില്‍ കുറച്ചു പ്രതീക്ഷകളും ആത്മ ധൈര്യവും നല്‍കി എന്ന് പറയുന്നതിനു യാതൊരു മടിയുമില്ല. എന്നെപ്പോലെ ചിന്തിക്കുന്ന ഒട്ടേറെ മലയാളികള്‍ ഇവിടെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ T G Ravi എന്ന ഒരു പ്രതിഭയുടെ തികച്ചും വ്യത്യസ്തവും, പ്രശംസനീയമായ ഒരു മുഖമാണ് ഈ ചിത്രത്തിലെ മറ്റൊരു മുഖ്യ വിഷയമായി എനിക്ക് തോന്നിയത്‌..അദ്ദേഹം ശരിക്കും എന്റെ കണ്ണ് നനയിച്ചു..അദ്ദേഹത്തിനു നന്ദി..! അത്പോലെ തന്നെ സത്താറും, പ്രതാപ്‌ പോത്തനും അവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു.. ഒരു ചെറിയ കല്ല്‌ കടിയായി തോന്നിയത്‌ എന്തെന്നാല്‍...2012ല്‍ ലോകം അവസാനിക്കുമോ എന്ന റെസ്സയുടെ ആ ചോധ്യം തന്നെയാണ്..അവിടെ നിങ്ങള്‍ എന്താണ് ഉദേശിച്ചത്‌ എന്ന് എനിക്ക് മനസിലായില്ല...അത് ഒരു വൈരുദ്ധ്യമായി ഇപ്പോഴും എന്റെ മനസ്സില്‍ നില നില്‍ക്കുന്നു.. കഥാന്ത്യം, ഈ സിനിമക്ക് പിന്നിലുള്ള പ്രചോദിതമായ മറ്റു സിനിമകളെ കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ യാതൊരു മടിയുമില്ലാതെ തുറന്നു കാട്ടിയ നിങ്ങളുടെ ആത്മാര്‍ത്തതയും പ്രശംസനീയമാണ്...പ്രത്യേകിച്ചു മലയാള സിനിമ കോപ്പി അടി വിവാദങ്ങളില്‍ ശോഭ നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്ന ഈ സമയത്ത്‌...! എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനങള്‍... മുഹമ്മദ്‌ സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്‌

2011 ജൂൺ 27, തിങ്കളാഴ്‌ച

ഭൂമി തന്‍ പരിഭവം (മുന്നറിയിപ്പ്)


എന്‍ നെഞ്ചില്‍ രാ പാര്‍ക്കാന്‍ ഞാന്‍ ഒരിടം നിനക്കായി നല്‍കി.
മഴയായും, വേനലായും, ഗ്രീഷ്മമായും ഞാന്‍ നിന്റെ കാലങ്ങളെ സമൃധ്ധമാക്കി.
എന്നിട്ടും നിന്‍ ക്രൂര ഹസ്തങ്ങള്‍ എന്‍ മേനി നോവിച്ചു കൊണ്ടിരിക്കുന്നു.
ഇക്കാലമത്രയും എന്‍ വിലാപം നീ കേട്ടില്ല.
ഇക്കാലമത്രയും എന്‍ കണ്ണു നീര്‍ നീ കണ്ടില്ല.
നീ എനിക്ക് നല്‍കിയ അസ്വസ്ഥതകള്‍ നിനക്ക് കാലാവസ്ഥാ വ്യതിയാനങ്ങളായി.
പരിഭവമാം എന്‍ മേനീതപം നിനക്ക് ആഗോള താപനമായി.
എന്‍ മുലപ്പാല്‍ നുകരും നേരം നീ എന്‍ മുലകണ്ണു കടിച്ചില്ലേ?
ആ വേദനയാല്‍ ഞാന്‍ പുളഞ്ഞപ്പോള്‍ നിനക്കതു ഭൂകമ്പമായി.
ഹൃദയ വേദനയാല്‍ ഞാനൊഴുക്കിയ കണ്ണു നീര്‍ നിനക്ക് സുനാമിയായി.
തകര്‍ക്കാതിരിക്ക എന്‍ ഹൃദയം നിന്‍ നല്ല നാളെക്കായ്‌..!


മുഹമ്മദ്‌ സാലിഹ് എടതിരിഞ്ഞി

2011 ഫെബ്രുവരി 5, ശനിയാഴ്‌ച

'കയ്ക്കുന്ന' ഐസ് ക്രീം

'കയ്ക്കുന്ന' ഐസ് ക്രീം

വളരെ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഐസ് ക്രീം വിഷയം സജീവമായിരിക്കുന്നു. ഈ ഒരു ഐസ് ക്രീമിലെ ഒരു 'ചൂടന്‍' ഘടകം മൂലമാകാം മാധ്യമങ്ങള്‍ അത്യധികം താല്പര്യത്തോടെയാണ് അതിനെ വരവേറ്റിരിക്കുന്നത്. സത്യങ്ങള്‍ എത്ര നാള്‍ മൂടി വച്ചാലും അത് മറ നീക്കി പുറത്തു വരും എന്നതിന് ഒരു ഉത്തമ ഉദാഹരണം കൂടി ആയിരിക്കുന്നു ഇത്. അത്യധികം തിരക്കോടെ, ധൃതി പിടിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ്‌ നടത്തിയ പത്ര സമ്മേളനത്തില്‍ നിന്ന് അദ്ദേഹം കാര്യമായി എന്തിനെയോ ഭയക്കുന്നു എന്ന് വളരെ വ്യക്തമാണ്‌. ആ ഒരു ഭയത്തിലാണ് അദ്ദേഹം പറഞ്ഞതെല്ലാം അബദ്ധങ്ങളായി പോയത്. പിന്നീട് അത് മനസ്സിലാക്കിയ അദ്ദേഹം അന്ന് വൈകീട്ട് തന്നെ അത് തിരുത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഇവിടെ കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കഴിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം. മറിച്ച് ഈ വിഷയത്തില്‍ നില നില്‍ക്കുന്ന ആശ്വാസകരമല്ലാത്ത അവ്യക്തത നീക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും കഴിഞ്ഞില്ലെങ്കില്‍, അത് ഒരു സമുദായത്തിന്റെ പേരില്‍ നില നില്‍ക്കുന്ന അവരുടെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ജനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയില്ലെന്കിലെ അദ്ഭുതമുള്ളൂ. ഈ ഒരു അവ്യക്തത കൊണ്ടാണ് മറു ചേരിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ലീഗും U D F ഉം പരാചയപ്പെട്ടു കൊണ്ടിരിക്കുന്നതും. ഇടതു മുന്നണിയാണെങ്കില്‍ നാലര വര്‍ഷത്തെ അവരുടെ ദുര്‍ ഭരണത്തെ പ്രതിരോധിക്കുക എന്നതില്‍ കവിഞ്ഞു യാതൊരു ആര്‍ജവവും ഈ വിഷയത്തില്‍ കാണിക്കുന്നില്ല . കാണിക്കുകയുമില്ല . കാരണം ഈ ഒരു ഐസ് ക്രീമിന്റെ പങ്കു പറ്റിയവരില്‍ അവരുടെ സമുന്നതരായ നേതാക്കളുടെയും പേരുകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്തൊക്കെ ആയാലും ശ്രീ മുനീര്‍ കാണിച്ച ധൈര്യം, അത് സത്യസന്തമാണെങ്കില്‍ അതിനെ അഭിനന്ദിച്ചേ മതിയാവൂ. രാഷ്ട്രീയപരമായ ചില ഉദ്ദേശങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടെങ്കില്‍ പോലും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന നിലയില്‍ ലീഗും U D F ഉം കാര്യങ്ങളെ കണ്ടില്ലെങ്കില്‍, നാലര വര്‍ഷത്തെ ഇടതു മുന്നണിയുടെ ദുര്‍ ഭരണം മൂലമുണ്ടായ അനുകൂല സാഹചര്യം മുതലാക്കാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ U D F നു കഴിഞ്ഞു എന്ന് വരില്ല. പാര്‍ല്യമെന്റ് എലെക്ഷനും പിന്നെ പഞ്ചായത്ത്‌ എലെക്ഷനും നല്‍കിയ ആ ഒരു ആത്മ വിശ്വാസം, അതിന്റെ പുറത്താണ് ഇപ്പോള്‍ U D F നേതാക്കള്‍ സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഐസ് ക്രീം വിഷയത്തില്‍ അവര്‍ എടുക്കുന്ന സത്യസന്ധവും ധീരവും ആയ ഒരു ചുവടു വെപ്പായിരിക്കും വരുന്ന തിരഞ്ഞെടുപ്പില്‍ U D F ന്റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നത് എന്ന് U D F നേതൃത്തം ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നല്ലത്.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും നാറിയ ഒരു വിഷയമായി ഈ ഒരു ഐസ് ക്രീം ചരിത്രങ്ങളില്‍ എഴുതപ്പെടും എന്നതില്‍ യാതൊരു സംശയവുമില്ല. ഷാജി കൈലാസും സുരേഷ് ഗോപിയും തോറ്റു പോകുന്ന തരത്തിലുള്ള തിരക്കഥയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ മര്യാദകളും, സതാചാരവും ചവിട്ടിമെതിച്ച് വിഡ്ഢികളായ പാവം ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടു നാടകം കളിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികള്‍ വളര്‍ന്നു വരുന്ന തലമുറയിലും വിഷ വിത്തുകള്‍ പാകിക്കൊണ്ടിരിക്കും എന്നതിന് യാതൊരു സംശയവും വേണ്ട. ഇതിനു തടയിടാന്‍ ഇത്തരക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള അത്യധികം നാണം കെട്ട സംഭവങ്ങളില്‍ നമ്മുടെ ജുഡീഷ്യറിയുടെയും അത്യധികം അശങ്കാപരമായ വഴിവിട്ട ഇടപെടലുകളും കേരളത്തിലെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും, മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാനും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് വളരെയധികം ബാധ്യത ഉണ്ട്. അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രഭുദ്ധരെന്നു വിശ്വസിക്കുന്ന നമ്മുടെ മലയാളികള്‍ വളരെ അപകടകരമായി ചിന്തിച്ചേക്കാം എന്ന് എല്ലാവരും ഓര്‍ത്തിരുന്നാല്‍ നന്ന്. ഞാനടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് മറക്കുന്നവര്‍ ആണ്. കാരണം കേരളത്തിലെ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ തന്നെ. അത് പോലെയാണ് പുല്ലുമേട് ദുരന്തത്തിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ എത്തിയ ഐസ് ക്രീം കേസും. അതുപോലെ മറ്റൊരു കോലാഹല ചൂടില്‍ ഇപ്രാവശ്യവും ഈ ഐസ് ക്രീം ഉരുകി പോകല്ലേയെന്ന് കേരള സമൂഹം ആഗ്രഹിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല.


മുഹമ്മദ്‌ സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്


2010 ജൂലൈ 19, തിങ്കളാഴ്‌ച

തീവ്രവാദം - ചില യാഥാറ്ത്യങള്‍

ന്യുമന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ സംഭവമാണ് ഈ ഒരു വിശകലനത്തിന് ആധാരം. അത്യധികം ക്രൂരവും മനുഷ്യത്ത രഹിതവുമായ ഈ നടപടി കേരളത്തെ ഒരു അഭിനവ താലിബാനിസത്തിലേക്ക് നയിക്കുന്നു എന്ന ഭീതിതമായ ആശങ്ക ഉളവാക്കുന്നു. തെറ്റിനെ അതിലും വലിയ ഒരു തെറ്റുകൊണ്ടു തന്നെ കൈകാര്യം ചെയ്യുന്ന ഈ രീതിയാണ്‌ ഈ ഒരു ഉപമക്ക് പാത്രമാകുന്നത്. പ്രവാചക നിന്ദ വ്യക്തമാക്കുന്ന ഒരു ചോദ്യം, ചോദ്യപ്പേപ്പറില്‍ ഉള്പ്പെടുത്തിയത് ഒരിക്കലും അന്ഗീകരിക്കാനാകാത്ത തെറ്റ് തന്നെ. പക്ഷെ അത് തിരിച്ചറിഞ്ഞ നമ്മുടെ സര്‍ക്കാരും ബന്ധപ്പെട്ടവരും അദ്ദേഹത്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. ഇവിടെ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) തന്നെ മാപ്പ് കൊടുക്കുമായിരുന്ന ഒരു തെറ്റിന്, തികച്ചും പ്രാക്രുതമായ, അദ്ദേഹം തന്നെ വെറുക്കുമായിരുന്ന തരത്തിലുള്ള ഒരു ശിക്ഷാ നടപടിയാണ് നടപ്പിലായിരിക്കുന്നത്. ഇത്തരത്തിലുള്ള അത്യധികം നീചവും ക്രൂരവും ആയ ചെയ്തികള്‍ ഒരു മതത്തിന്റെ ലേബലില്‍ നടക്കുന്നു എന്നത് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നമ്മുടെ നിയമ സംവിധാനങ്ങളും മാധ്യമങ്ങളും കാടടച്ചു വെടി വക്കുന്നതും നീതീകരിക്കാനാകില്ല. കാലങ്ങളായി ഇസ്ലാം എന്ന ഒരു മഹത്തായ മതവും അതിന്റെ സംവിധാനങ്ങളും കേവലം മുസ്ലിം നാമധാരികളായ കുറെ കാട്ടാളന്മാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്നാല്‍ ഭീകരത എന്ന ഒരു തലത്തിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ വളരെ പ്രധാനമായ പങ്കു വഹിച്ച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ പ്രചാരണ കാലങ്ങളില്‍ പ്രസക്തമായിരുന്ന ചില പ്രയോഗങ്ങള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഇപ്പോഴും വളച്ചൊടിച് ഇതിനാല്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്ലാമിന്റെ മഹത്തായ എത്ര എത്ര ആശയങ്ങളും തത്വങ്ങളും ഇതിനാല്‍ ഇവിടെ വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു? അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍ ഭടന്‍ ആ ദൌത്യത്തിനിടയില്‍ മരണപ്പെട്ടാല്‍ നേരെ സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടും എന്ന് ഉദ്ഗോഷിക്കുന്ന ഇസ്ലാം എങ്ങനെ സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിളംബരം ചെയ്യും?നിന്റെ അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്നില്പെട്ടവനല്ല എന്ന് മുഹമ്മദ്‌ നബി (സ) പറഞ്ഞിട്ടുണ്ട്. ഒരുവന്‍ അവന്റെ ചിലവുകളെല്ലാം കഴിച്ച് ബാക്കിയുള്ളതിന്റെ ഒരംശം അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്ന (സകാത്ത്) ഇസ്ലാം, ഇത് ഉള്ളവന്റെ ഔധാര്യമല്ല മറിച്ച് ഇല്ലാത്തവന്റെ അവകാശമാണെന്ന് കൂടി വളരെ വ്യക്തമായി വെളിവാക്കുന്നു. ഇത്തരത്തിലുള്ള എത്രയെത്ര മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാം, ഭീകരതയുടെ പേരില്‍ നിഷ്കളങ്കരായ ആബാലവൃധ്ധം ജനങ്ങളെ കൊന്നൊടുക്കാന്‍ ഒരിക്കലും ഉദ്ഗോഷിക്കുന്നില്ല. ഇവിടെ ഈ അവസരത്തില്‍, വിഖ്യാത എഴുത്തുകാരനായിരുന്ന ജോര്‍ജ്ജ് ബെര്‍ണട്ഷയുടെ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ചുള്ള ഒരു അഭിപ്രായം വളരെ പ്രസക്തമാണ്‌. അദ്ദേഹം പറഞ്ഞത് "isalm is the best religion in the world but muslims are the worst followers" എന്നാണ്. ഇത്തരത്തിലുള്ള ഒരു പേരുദോഷം മുസ്ലിങ്ങള്‍ക്ക്‌ ലഭിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഈ ഭീകരവാധികള്‍ക്കാണെന്നതില്‍ യാതൊരു സംശയവും ഇല്ല.

ബാബറി മസ്ജിദ് സംഭവത്തിനു ശേഷം വ്രണപ്പെട്ട മുസ്ലിം വികാരം, പിന്നീട് ഗുജറാത്ത്‌ കലാപത്തിനു ശേഷം ശക്തി പ്രാപിക്കുകയായിരുന്നു. ഈ വികാരത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി, തീവ്രവാദപരമായ, രാജ്യത്തിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ തിരിച്ചു വിടുന്നതില്‍ ഇത്തരം രാജ്യദ്രോഹികള്‍ ഒരു പരിധി വരെ വിജയിച്ചു അഥവാ വിജയിച്ച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ-മത നേത്രുത്തങളും, അനുയായികളും കാര്യങളെ വികാരപരമായി സമീപിക്കാതെ, അത്യധികം വിവേകത്തോടു കൂടി സമീപിക്കേണ്ട ആവശ്യകത ഇന്നു ഇതീനാല്‍ ഇവിടെ സംജാതമായിരിക്കുന്നു. ഭീകരവാദം ഇന്ന് മതത്ത്തിനപ്പുറം ഒരു സാമ്പത്തിക ഉപാധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ധ്യയെ തകര്‍ക്കുക എന്ന ലക്ഷിയവുമായി ഇതിലേക്കായി പല രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും പണം ഒഴുകിക്കൊടിരിക്കുന്നു. ഇത് നമുക്ക് കണ്ടെത്താനായില്ലെങ്കില്‍ ഈ മായിക വലയത്തില്‍ പെടുന്ന നമ്മുടെ യുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഇതിനു തടയിടാനായി നമുക്ക് കഴിഞ്ഞില്ലെങ്കില്‍ സമീപ ഭാവിയില്‍ ഇന്ത്യയും കേരളവും വളരെ ഗുരുതരമായ സ്ഫോടനാവസ്തയിലേക്ക് നീങ്ങുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട. ഭീകരതയ്ക്ക് ഇസ്ലാമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ട്യനെന്നോ എന്ന മതമില്ല. അതിന്റെ മതം ഭീകരവാതം മാത്രമാണെന്ന് നാം തിരിച്ചറിയണം. രാഷ്ട്രീയ-മത നേത്രുത്തങളും, പാര്‍ട്ടികളും, ഇച്ചാശക്തിയോടെ മുഖം നോക്കാതെയും, പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മുതിരാതെ ഉചിതവും മാതൃകാപരവുമായ നടപടികള്‍ക്ക് ഇനിയും തയ്യാറായില്ലെങ്കില്‍ നമുക്ക് ഈ വിപത്തില്‍ നിന്ന് മോചനം ഉണ്ടാകുകയില്ല. മത-ഭൌധിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ദേശീയതയില്‍ ഊന്നിയുള്ള ഒരു വിധ്യാഭ്യസത്ത്തിലൂടെ, വളര്‍ന്നു വരുന്ന തലമുറയിലെങ്കിലും ദേശീയ ബോധവും, ധാര്‍മികതയും വളര്‍ത്തിക്കൊണ്ടു വരത്തക്കവിധത്തില്‍ വിദ്യാഭ്യാസ സംബ്രധായത്തെ പരിഷ്കരിക്കെണ്ട്തുമുണ്ട്. ഇതിലൂടെ മാത്രമേ നമുക്ക് നമ്മെയും നമ്മുടെ ഈ മഹത്തായ രാജ്യത്തെയും രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്ന ആ യാധാ‍ര്‍ത്യം ഇപ്പോഴെങ്കിലും തിരിച്ചറിയുക.

മുഹമ്മദ് സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്.


2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

‘മല്ലു‘ എന്ന മലയാളി

വിവര സാങ്കേതിക വിപ്ലവവും , വിദേശ പണവും, ഞാനടക്കമുള്ള മലയാളിയുടെ ജീവിതത്തില്‍ വന്‍ മാറ്റങള്‍ക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെങ്കിലും അവന്റെ അടിസ്താന സ്വഭാവത്തില്‍ ഇതു വരെ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യമാണ് സാമൂഹിക ശുചിത്ത ബോധം. വ്യക്തിപരമായ ശുചിത്തത്തില്‍ നമ്മള്‍ മലയാളികള്‍ ഏറെ മുന്നിലാണ്. രണ്ട് നേരം കുളി എന്ന അഹങ്കാരത്തിലും, സ്വന്തം വീടും പരിസരവും വ്രിത്തിയായി സുക്ഷിക്കുന്നതിലും മലയാളിയെക്കഴിഞിട്ടേ ലൊകത്താരും തന്നെ ഉള്ളൂ. പക്ഷെ പുറത്തേക്കിറങുംബോള്‍ ആ ശുചിത്തബോധം അവന്റെ വീട്ടില്‍ ഭദ്രമായി കെട്ടിയിട്ടിട്ടുണ്ടായിരിക്കും. നടു റോഡില്‍ കാറിത്തുപ്പാനും, ഒരു മതിലിന്റെയോ വൈദ്യുത കാലിന്റെയോ മറയില്‍ നംബര്‍ വണ്‍ പാസ്സാക്കാനും അവനു യാതൊരു ഉളുപ്പോ ചമ്മലോ ഇല്ല. ബസ്സിലിരുന്ന് മുറുക്കി തന്റെ സ്വന്തം സീറ്റിന്റെ അടിയിലോട്ട് സഹയാത്രികരുടെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ തുപ്പുകയും, എന്തിന് ? സിനിമാ തിയ്യറ്ററില്‍ ഇടവേള സമയത്ത് മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റ് പോകേണ്ട മടിയില്‍ അവിടെ ഇരുന്ന് തന്നെ കാര്യം സാധിക്കുന്ന വിദ്വാന്‍മാരുടെ സ്വന്തം നാടാണ്‍ നമ്മുടെ ഈ സാക്ഷര കേരളം.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ നായകന്മാരും, വിപ്ലവ യുവനായകരും അവരുടെ പ്രതിഷേധം അറിയിക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാര്‍ഗമാണ് പൊതുമുതല്‍ നശിപ്പിക്കുക എന്നതും, നഗരവും റോഡുകളും വ്രിത്തികേടാക്കുക എന്നതും. ഇവരില്‍ നിന്നാണ്‍ നാളത്തെ നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രിയും, സാംസ്കാരിക വകുപ്പ് മന്ത്രിയും പിറവിയെടുക്കുന്നു എന്നത് തികച്ചും വിരോദാഭാസം തന്നെയല്ലേ?

സദാചാരത്തിന്റെ പേരില്‍ സായിപ്പിനെ കുറ്റം പറയുകയും കളിയാക്കുകയും ചെയ്യുന്ന നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന വൈക്രിതങളെ ‍അത്ര എളുപ്പത്തില്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ? അംബതുകാരന്‍ അഞ്ജു വയസ്സുകാരിയെയും, അതിന് സമാനമായ എത്ര എത്ര പീഠനങള്‍ക്ക് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പാശ്ചാത്യ രാജ്യങളിലെ ‘ഡേറ്റിങിനെ’ കുറിച്ചും മറ്റും വാ തോരാതെ ചര്‍ച്ചകളും മറ്റും നടന്ന്കൊണ്ടിരിക്കുംബോഴും, അതിനേക്കാള്‍ എത്ര അപകടകരമായ അവസ്തയിലേക്കാണ്‍ നമ്മള്‍ ഇപ്പോള്‍ പൊയിക്കൊണ്ടിരിക്കുന്നത് എന്ന് ഭീതിയോടെയെങ്കിലും ഓര്‍ക്കാതിരിക്കാന്‍ വയ്യ. നേരം ഇരുട്ടിയാല്‍ നമ്മുടെ സഹോദരിമാര്‍ക്കും, എന്തിന് ? വ്രിദ്ധ - ബാ‍ലികമാര്‍ക്ക് വരെ ഒന്ന് പുറത്തിറങി നടക്കാന്‍ പറ്റാത്തത്രയും ഭീതിതമാണ്‍ നമ്മുടെ ഈ ‘ദൈവത്തിന്റെ സ്വന്തം നാട്’. എന്നിട്ടും നമുക്ക് ചര്‍ച്ചാവിഷയം സായിപ്പിന്റെ സദാചാരവും വ്രിത്തിയുമാണ്‍ .

ഇവിടെ ഗള്‍ഫില്‍ , മറ്റ് വിഭാഗങള്‍ക്കിടയില്‍ മല്ലുവിനെ കുറിച്ച് ഒരു പ്രയോഗം തന്നെ ഉണ്ട്. ഒരു പാംബിനെയും ഒരു മല്ലുവിനെയും ഒരുമിച്ചു കാണാനിടയായാല്‍ ആദ്യം കൊല്ലേണ്ടത് മല്ലുവിനെയാണത്രെ. ഇത് കുറച്ച് കടന്ന കയ്യാണെന്ന് നമുക്ക് തോന്നുമെങ്കിലും, ഒരു അളവു വരെ അത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന ആ ഉത്തരവാദത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയുമോ?



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഒരു വര്‍ഷകാല ‘പരോള്‍’

മഴ എന്നും എന്റെ ദൌര്‍ബല്യമായിരുന്നു. നാട് വിട്ട് വിദേശത്ത് പോയപ്പോള്‍ തുടങിയതല്ല എന്റെ മഴയോടുള്ള പ്പ്രേമം. ചെറുപ്പം മുതലെ മഴയും മഴക്കാറും എന്റെ ആവേശമയിരുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ അവദിക്കാലത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ മുതല്‍ മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങളും സങ്കല്പങളും എന്നെ വലയം ചെയ്തു തുടങിയിരുന്നു. മാധ്യമങളില്‍ മഴ ദുരിതങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുകൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് ആവേശത്താല്‍ മഴയെ ഒന്നു പുല്‍കുവാനായി തുടിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ കുവൈറ്റിലെ നരകതുല്യമായ ചൂടിന്റെ മാസമായ ജൂലൈ തന്നെ ഞാന്‍ അവധിക്കു പോകുവാന്‍ തിരഞ്ഞെടുക്കുകയായിരുന്ന്നു.


നാടും മഴയും സ്വപ്നം കണ്ടു നടക്കുന്നതിനിടയില്‍ നാട്ടിലേക്കു പോകുന്ന ആ മനോഹര ദിനം അങോടിയെത്തിയത് അറിഞ്ഞില്ല. പൊള്ളുന്ന ചൂടില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്ന മണലിന്റെയും ഇന്ധനത്തിന്റെയും വരണ്ട മനം മടുപ്പിക്കുന്ന ഗന്ധവും അനുഭവിച്ചുകൊണ്ട് എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴിയില്‍ കണ്ട താപമാപിനിയില്‍ അപ്പോള്‍ ചൂട് 52 ഡിഗ്രി! പക്ഷെ എന്റെ മനസ്സ് അപ്പോള്‍ മണിക്കൂറുകള്‍ക്കകം ഞാന്‍ അനുഭവിക്കുവാന്‍ പോകുന്ന ആ കുളിരിനെ കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ആ താപമാപിനി എന്നില്‍ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിച്ചില്ല.


രാത്രിയിലായിരുന്നു എന്റെ യാത്ര. എയര്‍പോര്‍ട്ട് ലോഞ്ചിലെ വിരസമായ ആ കാത്തിരിപ്പിലും മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങള്‍ മാത്രമായിരുന്നു എനിക്ക് കൂട്ട്. പുലര്‍ച്ചെ ആറ് മണിക്ക് നെടുംബാശേരിയില്‍ വിമാനം ഇറങുംബോള്‍ ശക്തമായ മഴയുണ്ടായിരുന്നു. കാതുകളിലേക്ക് ഇരച്ചെത്തിയ മഴയുടെ ശബ്ദം അപ്പോള്‍ കേട്ട് മതിവരാത്ത ഏതോ ഒരു പഴയ ഗാനം എന്നോണം എന്നെ ആനന്ദിപ്പിച്ചു. ഇടിയുടെയും മിന്നലിന്റെയും അകംബടിയോടെ അത് എന്നെ വരവേല്‍ക്കുന്നതായി എനിക്കു തോന്നി. ലഗേജുമായി പുറത്ത് വന്നപ്പോള്‍ നേരം കുറച്ച് കൂടി വെളുത്തിരുന്നു. മഴ ഏകദേശം തോര്‍ന്നുവെന്നു തോന്നി. പക്ഷെ ഇരുണ്ട ഈറനണിഞ്ഞ ശീതളമായ പ്രക്രിതിയുടെ ആ പച്ചപ്പ് എന്റെ മനസ്സിനെ വല്ലാതെ കോരിത്തരിപ്പിച്ചു. പുറത്ത് കടന്നപ്പോള്‍ ഗ്രിഹാതുരമായ എന്റെ നാടിന്റെ ഗന്ദം. അത് എനിക്കു മാത്രം തോന്നിയതാണോ എന്നെനിക്കറിയില്ല. എന്തായാലും പിറന്ന നാടിന്റെ ഗന്ദം എന്നത് ഞാന്‍ അപ്പോള്‍ ആസ്വദിക്കുകയായിരുന്നു.


മഴക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ തെരുവുകളും, ഭവനങളും, വ്രിക്ഷലതാതികളെല്ലാം കഴുകി വ്രിത്തിയാക്കിയത് പോലെ എനിക്ക് തോന്നി. അവക്കെല്ലാം കുളി കഴിഞ്ഞ് ഈറന്‍ എടുത്ത് നില്‍ക്കുന്ന മലയാളി മങ്കയുടെ ഭംഗി. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. കാറിന്റെ മുന്‍സീറ്റിലിരുന്ന് വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്താതെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ വല്ലാത്ത ഒരു അഭിനിവേശ്ത്തോടെ ഞാന്‍ എന്റെ മുഖം കൊണ്ട് ഒപ്പിയെടുത്തു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ ആദ്യമായി തോന്നിയത് ഒന്ന് കുളിക്കുവാനായിരുന്നു. ഷവറിന്റെ ചുവട്ടില്‍ നിന്ന് നല്ല തണുത്ത് വെള്ളം വീണപ്പോള്‍ ആദ്യം ഒന്ന് വിറച്ചു പോയി. പക്ഷെ ആ തണുപ്പ് സുഖകരമായ, മനസ്സിനെ മത്തു പിടിപ്പിക്കുന്ന കുളിരായി മാറിയത് പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ആലസ്യം - രാത്രിയിലെ യാത്ര ആയിരുന്നത് കൊണ്‍ടും സുഖകരമായ പുറത്തെ അന്തരീക്ഷം കൊണ്ടും എനിക്ക് നന്നായി ഉറക്കം വന്നിരുന്നു. അപ്പോഴും പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ നനുത്ത ശബ്ദം ഒരു താരാട്ട് പോലെ എന്നെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരിന്നു. ഇപ്പോള്‍ മഴ അതിന്റെ രൌദ്ര ഭാവത്തില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. എന്തൊരു ചന്തം..!! മഴയുടെ ശക്തി കാരണം അന്നു പുറ്ത്തേക്കൊന്നും പോകേണ്ട എന്നു ഉമ്മ എന്നെ ഉപദേശിച്ചു. സന്ധ്യയായപ്പോഴേക്കും തവളകളുടെ ക്രോം ക്രോം വിളികളും ചീവീടുകളുടെ ചൂളമടിയുമായി അന്തരീക്ഷം ശബ്ദമുഖരിതമായിത്തുടങി. രാത്രി വൈകിയും മഴ തുടര്‍ന്നു. പിറ്റേ ദിവസം പുലര്‍ച്ചേ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. മഴ അപ്പോഴും ചാറിക്കൊണ്ടിരുന്നു. തൊട്ടടുത്ത അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഒഴുകിയെത്തുന്ന “കാനന വാസാ, കലിയുഗ വരദാ” എന്ന ആ മനോഹര ഗാനത്തിന് മഴയുടെ നനുത്ത ശബ്ദം ശ്രുതി മീട്ടുന്നതായി എനിക്ക് തോന്നി. കിടക്ക വിട്ടെഴുന്നേറ്റ് പുറത്തു വന്നപ്പോള്‍, സുബഹി നമസ്കാരം നിര്‍വഹിച്ച് കൊണ്ടിരുന്ന ഉമ്മയുടെ ശബ്ദം കേട്ടു. ഞാന്‍ മെല്ലെ പൂമുഖ വരാന്തയുടെ വാതില്‍ തുറന്ന് അവിടെ ഇരിപ്പുറപ്പിച്ചു. അപ്പോള്‍ മഴക്ക് അകംബടിയായി കാറ്റും തുടങിയിരുന്നു. സിനിമാ കൊട്ടകയിലിരുന്ന് തന്റെ പ്രിയപ്പെട്ട നായകന്റെ സിനിമ വീക്ഷിക്കുന്ന പിഞ്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ ആ മഴയും പുറം കാഴ്ചകളും കണ്ടുകൊ‍ണ്ടിരുന്നു. അപ്പോഴേക്കും ഞാന്‍ ഉണര്‍ന്ന വിവരമറിഞ്ഞ ഉമ്മ നല്ല ചൂ‍ടുള്ള കട്ടന്‍ ചായയുമായി വന്നു. അതും മൊത്തിക്കൊണ്‍ടിരിക്കുംബോള്‍ അകലെ കാറ്റില്‍ ഉലഞ്ഞുകൊണ്ടിരുന്ന ഇലഞ്ഞിയും വേപ്പും എന്തോ സ്വകാര്യം പറഞ്ഞ് ആ‍ര്‍ത്ത് ചിരിക്കുന്നത് പോലെ തോന്നി. എന്നെ കളിയാക്കിയതാണൊ ആവോ? അപ്പോഴേക്കും ഗ്രുഹാതുരമായ “പൂ” വിളികളുമായി വഴിയില്‍ മത്സ്യ വില്പനക്കാര്‍ സജീവമായിത്തുടങി. പാല്‍ക്കാരന്റെയും, പത്രക്കാരന്റെയും സൈക്കിള്‍ മണികളും അതിന് അകംബടിയായെത്തി. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ആളുകളുടെ അടക്കിപ്പിടിച്ച സംസാരങളും ചുമയും. അതിനും ഉണ്ടായിരുന്നു ഒരു വല്ലാത്ത ഗ്രിഹാതുരത.


അന്ന് ഉചചയൂണ്‍ കഴിഞ്ഞ് ഭാര്യാ ഗ്രിഹത്തിലേക്ക് പോയിക്കൊന്‍ടിരുന്നപ്പോഴും മഴയുണ്ടായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും സ്റ്റീരിയോയില്‍ ഇട്ട് പ്രിയതമയോടൊപ്പം മഴയത്തുള്ള ആ യാത്ര! അങിനെ ഒരു മനോഹര സ്വപ്നം കൂടി പൂവണിയുകയായിരുന്നു.


ദിവസങള്‍ പോയിക്കൊണ്ടിരുന്നു. മഴ അപ്പോഴും ശക്തമായിത്തന്നെ തുടര്‍ന്നു. പഴയ ചങാതിയുമായുള്ള കുശലന്വേഷണത്തിനിടയില്‍ പണ്ടു ഞങള്‍ നീന്തിത്തുടിച്ചിരുന്ന കനാലിനെ കുറിച്ച് സംസാരിച്ചു. മനസ്സില്‍ ഒന്ന് നീന്തിക്കുളിക്കുവാനുള്ള ആ‍ഗ്രഹം കലശലായി. ഒന്നു നീന്തിക്കുളിക്കുന്നുവോ? ചങാതി എന്നോട് ചോതിച്ചു. അവന്‍ എന്നെ സൈക്കിളിന്റെ പിന്നിലിരുത്തി കനാലിലെ ഞങളുടെ പഴയ ആ കുളിക്കടവിലേക്ക് കൊണ്ട്പോയി. വെള്ളം നിറഞ്ഞു കിടക്കുന്ന വിശാലമായ പുഞ്ചപ്പാടവും കനാലും. ആദ്യം ഭയം കൊണ്ട് ഒന്നു അറച്ചെങ്കിലും, തോര്‍ത്ത് അരയില്‍ ചുറ്റി കനാലിലേക്ക് എടുത്ത് ചാടി. തണുപ്പ് കൊണ്ട് ആദ്യമൊന്ന് വിറച്ചു. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. അതുകൊണ്ട് കുളി മതിയാക്കിക്കയറി. പണ്ട് എത്ര മഴയത്തും രണ്‍ട് മൂന്നു മണിക്കൂറ് നീന്തിത്തുടിച്ചിരുന്നതാണ്‍.


അങനെ എന്റെ അവധിക്കാലത്തിന്റെ അവസാന ദിവസമായി. ഉറ്റവരോടും ഉടയവരോടും യാത്ര പറഞ്ഞ് വിതുംബുന്ന മനസ്സുമായി വണ്ടിയിലേക്ക് കയറുംബോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ മഴക്ക് ഇതുവരെയില്ലാത്ത ഒരു ഭാവമാണ് എനിക്ക് തോന്നിയത്. ഒരു തരം വിഷാദ ഭാവം. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. എന്നെ യാത്രയാക്കാന്‍ എന്തോ ഒരു വിഷമം ഉള്ളതു പോലെ. എന്തായാലും എന്റെ ഈ അവധിക്കാലം അവിസ്മരണീയമാക്കിയ എന്റെ മഴയോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പടിയിറങി. എയര്‍പോര്‍ട്ടിലെത്തി അകത്തുകടന്നു പുറത്തേക്ക് നോക്കി. അപ്പോള്‍ വിഷാദസാന്ദ്രമായി മഴ എന്നോട് പറയുന്നതായി എനിക്ക് തോന്നി. ..വിട..!! ഇനിയും വരില്ലേ??!! അങനെ ചോതിച്ചുവോ?!


കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളമെത്താറായപ്പോള്‍ പുറത്തെ താപനിലയെപ്പറ്റിയും മറ്റുമുള്ള പൈലറ്റിന്റെ വിവരണം കേട്ടപ്പോള്‍ നഷ്ടബോധത്താല്‍ എന്റെ മനസ്സ് വല്ലാതെ വിങി. വിമാനമിറങി പുറത്ത് കടന്നപ്പോള്‍ വീണ്ടും ഇന്ധന ഗന്ധം നിറഞ്ഞു നില്‍ക്കുന്ന പൊള്ളുന്ന അന്തരീക്ഷവും, വരണ്ട പൊടിപിടിച്ച മണല്‍ നിറമുള്ള കെട്ടിടങളും കണ്ടപ്പോള്‍ , ‘പരോള്‍’ കഴിഞ്ഞു മടങിയെത്തിയ തടവുപുള്ളിയെ പോലെ എന്റെ മനസ്സ് ഒന്ന് പിടച്ചുവോ..?

-ശുഭം-