2011, ഫെബ്രുവരി 5, ശനിയാഴ്‌ച

'കയ്ക്കുന്ന' ഐസ് ക്രീം

'കയ്ക്കുന്ന' ഐസ് ക്രീം

വളരെ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഐസ് ക്രീം വിഷയം സജീവമായിരിക്കുന്നു. ഈ ഒരു ഐസ് ക്രീമിലെ ഒരു 'ചൂടന്‍' ഘടകം മൂലമാകാം മാധ്യമങ്ങള്‍ അത്യധികം താല്പര്യത്തോടെയാണ് അതിനെ വരവേറ്റിരിക്കുന്നത്. സത്യങ്ങള്‍ എത്ര നാള്‍ മൂടി വച്ചാലും അത് മറ നീക്കി പുറത്തു വരും എന്നതിന് ഒരു ഉത്തമ ഉദാഹരണം കൂടി ആയിരിക്കുന്നു ഇത്. അത്യധികം തിരക്കോടെ, ധൃതി പിടിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ്‌ നടത്തിയ പത്ര സമ്മേളനത്തില്‍ നിന്ന് അദ്ദേഹം കാര്യമായി എന്തിനെയോ ഭയക്കുന്നു എന്ന് വളരെ വ്യക്തമാണ്‌. ആ ഒരു ഭയത്തിലാണ് അദ്ദേഹം പറഞ്ഞതെല്ലാം അബദ്ധങ്ങളായി പോയത്. പിന്നീട് അത് മനസ്സിലാക്കിയ അദ്ദേഹം അന്ന് വൈകീട്ട് തന്നെ അത് തിരുത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഇവിടെ കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കഴിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം. മറിച്ച് ഈ വിഷയത്തില്‍ നില നില്‍ക്കുന്ന ആശ്വാസകരമല്ലാത്ത അവ്യക്തത നീക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും കഴിഞ്ഞില്ലെങ്കില്‍, അത് ഒരു സമുദായത്തിന്റെ പേരില്‍ നില നില്‍ക്കുന്ന അവരുടെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ജനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയില്ലെന്കിലെ അദ്ഭുതമുള്ളൂ. ഈ ഒരു അവ്യക്തത കൊണ്ടാണ് മറു ചേരിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ലീഗും U D F ഉം പരാചയപ്പെട്ടു കൊണ്ടിരിക്കുന്നതും. ഇടതു മുന്നണിയാണെങ്കില്‍ നാലര വര്‍ഷത്തെ അവരുടെ ദുര്‍ ഭരണത്തെ പ്രതിരോധിക്കുക എന്നതില്‍ കവിഞ്ഞു യാതൊരു ആര്‍ജവവും ഈ വിഷയത്തില്‍ കാണിക്കുന്നില്ല . കാണിക്കുകയുമില്ല . കാരണം ഈ ഒരു ഐസ് ക്രീമിന്റെ പങ്കു പറ്റിയവരില്‍ അവരുടെ സമുന്നതരായ നേതാക്കളുടെയും പേരുകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്തൊക്കെ ആയാലും ശ്രീ മുനീര്‍ കാണിച്ച ധൈര്യം, അത് സത്യസന്തമാണെങ്കില്‍ അതിനെ അഭിനന്ദിച്ചേ മതിയാവൂ. രാഷ്ട്രീയപരമായ ചില ഉദ്ദേശങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടെങ്കില്‍ പോലും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന നിലയില്‍ ലീഗും U D F ഉം കാര്യങ്ങളെ കണ്ടില്ലെങ്കില്‍, നാലര വര്‍ഷത്തെ ഇടതു മുന്നണിയുടെ ദുര്‍ ഭരണം മൂലമുണ്ടായ അനുകൂല സാഹചര്യം മുതലാക്കാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ U D F നു കഴിഞ്ഞു എന്ന് വരില്ല. പാര്‍ല്യമെന്റ് എലെക്ഷനും പിന്നെ പഞ്ചായത്ത്‌ എലെക്ഷനും നല്‍കിയ ആ ഒരു ആത്മ വിശ്വാസം, അതിന്റെ പുറത്താണ് ഇപ്പോള്‍ U D F നേതാക്കള്‍ സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഐസ് ക്രീം വിഷയത്തില്‍ അവര്‍ എടുക്കുന്ന സത്യസന്ധവും ധീരവും ആയ ഒരു ചുവടു വെപ്പായിരിക്കും വരുന്ന തിരഞ്ഞെടുപ്പില്‍ U D F ന്റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നത് എന്ന് U D F നേതൃത്തം ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നല്ലത്.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും നാറിയ ഒരു വിഷയമായി ഈ ഒരു ഐസ് ക്രീം ചരിത്രങ്ങളില്‍ എഴുതപ്പെടും എന്നതില്‍ യാതൊരു സംശയവുമില്ല. ഷാജി കൈലാസും സുരേഷ് ഗോപിയും തോറ്റു പോകുന്ന തരത്തിലുള്ള തിരക്കഥയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ മര്യാദകളും, സതാചാരവും ചവിട്ടിമെതിച്ച് വിഡ്ഢികളായ പാവം ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടു നാടകം കളിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികള്‍ വളര്‍ന്നു വരുന്ന തലമുറയിലും വിഷ വിത്തുകള്‍ പാകിക്കൊണ്ടിരിക്കും എന്നതിന് യാതൊരു സംശയവും വേണ്ട. ഇതിനു തടയിടാന്‍ ഇത്തരക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള അത്യധികം നാണം കെട്ട സംഭവങ്ങളില്‍ നമ്മുടെ ജുഡീഷ്യറിയുടെയും അത്യധികം അശങ്കാപരമായ വഴിവിട്ട ഇടപെടലുകളും കേരളത്തിലെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും, മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാനും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് വളരെയധികം ബാധ്യത ഉണ്ട്. അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രഭുദ്ധരെന്നു വിശ്വസിക്കുന്ന നമ്മുടെ മലയാളികള്‍ വളരെ അപകടകരമായി ചിന്തിച്ചേക്കാം എന്ന് എല്ലാവരും ഓര്‍ത്തിരുന്നാല്‍ നന്ന്. ഞാനടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് മറക്കുന്നവര്‍ ആണ്. കാരണം കേരളത്തിലെ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ തന്നെ. അത് പോലെയാണ് പുല്ലുമേട് ദുരന്തത്തിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ എത്തിയ ഐസ് ക്രീം കേസും. അതുപോലെ മറ്റൊരു കോലാഹല ചൂടില്‍ ഇപ്രാവശ്യവും ഈ ഐസ് ക്രീം ഉരുകി പോകല്ലേയെന്ന് കേരള സമൂഹം ആഗ്രഹിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല.


മുഹമ്മദ്‌ സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്