2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

‘മല്ലു‘ എന്ന മലയാളി

വിവര സാങ്കേതിക വിപ്ലവവും , വിദേശ പണവും, ഞാനടക്കമുള്ള മലയാളിയുടെ ജീവിതത്തില്‍ വന്‍ മാറ്റങള്‍ക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെങ്കിലും അവന്റെ അടിസ്താന സ്വഭാവത്തില്‍ ഇതു വരെ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യമാണ് സാമൂഹിക ശുചിത്ത ബോധം. വ്യക്തിപരമായ ശുചിത്തത്തില്‍ നമ്മള്‍ മലയാളികള്‍ ഏറെ മുന്നിലാണ്. രണ്ട് നേരം കുളി എന്ന അഹങ്കാരത്തിലും, സ്വന്തം വീടും പരിസരവും വ്രിത്തിയായി സുക്ഷിക്കുന്നതിലും മലയാളിയെക്കഴിഞിട്ടേ ലൊകത്താരും തന്നെ ഉള്ളൂ. പക്ഷെ പുറത്തേക്കിറങുംബോള്‍ ആ ശുചിത്തബോധം അവന്റെ വീട്ടില്‍ ഭദ്രമായി കെട്ടിയിട്ടിട്ടുണ്ടായിരിക്കും. നടു റോഡില്‍ കാറിത്തുപ്പാനും, ഒരു മതിലിന്റെയോ വൈദ്യുത കാലിന്റെയോ മറയില്‍ നംബര്‍ വണ്‍ പാസ്സാക്കാനും അവനു യാതൊരു ഉളുപ്പോ ചമ്മലോ ഇല്ല. ബസ്സിലിരുന്ന് മുറുക്കി തന്റെ സ്വന്തം സീറ്റിന്റെ അടിയിലോട്ട് സഹയാത്രികരുടെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ തുപ്പുകയും, എന്തിന് ? സിനിമാ തിയ്യറ്ററില്‍ ഇടവേള സമയത്ത് മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റ് പോകേണ്ട മടിയില്‍ അവിടെ ഇരുന്ന് തന്നെ കാര്യം സാധിക്കുന്ന വിദ്വാന്‍മാരുടെ സ്വന്തം നാടാണ്‍ നമ്മുടെ ഈ സാക്ഷര കേരളം.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ നായകന്മാരും, വിപ്ലവ യുവനായകരും അവരുടെ പ്രതിഷേധം അറിയിക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാര്‍ഗമാണ് പൊതുമുതല്‍ നശിപ്പിക്കുക എന്നതും, നഗരവും റോഡുകളും വ്രിത്തികേടാക്കുക എന്നതും. ഇവരില്‍ നിന്നാണ്‍ നാളത്തെ നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രിയും, സാംസ്കാരിക വകുപ്പ് മന്ത്രിയും പിറവിയെടുക്കുന്നു എന്നത് തികച്ചും വിരോദാഭാസം തന്നെയല്ലേ?

സദാചാരത്തിന്റെ പേരില്‍ സായിപ്പിനെ കുറ്റം പറയുകയും കളിയാക്കുകയും ചെയ്യുന്ന നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന വൈക്രിതങളെ ‍അത്ര എളുപ്പത്തില്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ? അംബതുകാരന്‍ അഞ്ജു വയസ്സുകാരിയെയും, അതിന് സമാനമായ എത്ര എത്ര പീഠനങള്‍ക്ക് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പാശ്ചാത്യ രാജ്യങളിലെ ‘ഡേറ്റിങിനെ’ കുറിച്ചും മറ്റും വാ തോരാതെ ചര്‍ച്ചകളും മറ്റും നടന്ന്കൊണ്ടിരിക്കുംബോഴും, അതിനേക്കാള്‍ എത്ര അപകടകരമായ അവസ്തയിലേക്കാണ്‍ നമ്മള്‍ ഇപ്പോള്‍ പൊയിക്കൊണ്ടിരിക്കുന്നത് എന്ന് ഭീതിയോടെയെങ്കിലും ഓര്‍ക്കാതിരിക്കാന്‍ വയ്യ. നേരം ഇരുട്ടിയാല്‍ നമ്മുടെ സഹോദരിമാര്‍ക്കും, എന്തിന് ? വ്രിദ്ധ - ബാ‍ലികമാര്‍ക്ക് വരെ ഒന്ന് പുറത്തിറങി നടക്കാന്‍ പറ്റാത്തത്രയും ഭീതിതമാണ്‍ നമ്മുടെ ഈ ‘ദൈവത്തിന്റെ സ്വന്തം നാട്’. എന്നിട്ടും നമുക്ക് ചര്‍ച്ചാവിഷയം സായിപ്പിന്റെ സദാചാരവും വ്രിത്തിയുമാണ്‍ .

ഇവിടെ ഗള്‍ഫില്‍ , മറ്റ് വിഭാഗങള്‍ക്കിടയില്‍ മല്ലുവിനെ കുറിച്ച് ഒരു പ്രയോഗം തന്നെ ഉണ്ട്. ഒരു പാംബിനെയും ഒരു മല്ലുവിനെയും ഒരുമിച്ചു കാണാനിടയായാല്‍ ആദ്യം കൊല്ലേണ്ടത് മല്ലുവിനെയാണത്രെ. ഇത് കുറച്ച് കടന്ന കയ്യാണെന്ന് നമുക്ക് തോന്നുമെങ്കിലും, ഒരു അളവു വരെ അത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന ആ ഉത്തരവാദത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയുമോ?



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഒരു വര്‍ഷകാല ‘പരോള്‍’

മഴ എന്നും എന്റെ ദൌര്‍ബല്യമായിരുന്നു. നാട് വിട്ട് വിദേശത്ത് പോയപ്പോള്‍ തുടങിയതല്ല എന്റെ മഴയോടുള്ള പ്പ്രേമം. ചെറുപ്പം മുതലെ മഴയും മഴക്കാറും എന്റെ ആവേശമയിരുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ അവദിക്കാലത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ മുതല്‍ മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങളും സങ്കല്പങളും എന്നെ വലയം ചെയ്തു തുടങിയിരുന്നു. മാധ്യമങളില്‍ മഴ ദുരിതങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുകൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് ആവേശത്താല്‍ മഴയെ ഒന്നു പുല്‍കുവാനായി തുടിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ കുവൈറ്റിലെ നരകതുല്യമായ ചൂടിന്റെ മാസമായ ജൂലൈ തന്നെ ഞാന്‍ അവധിക്കു പോകുവാന്‍ തിരഞ്ഞെടുക്കുകയായിരുന്ന്നു.


നാടും മഴയും സ്വപ്നം കണ്ടു നടക്കുന്നതിനിടയില്‍ നാട്ടിലേക്കു പോകുന്ന ആ മനോഹര ദിനം അങോടിയെത്തിയത് അറിഞ്ഞില്ല. പൊള്ളുന്ന ചൂടില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്ന മണലിന്റെയും ഇന്ധനത്തിന്റെയും വരണ്ട മനം മടുപ്പിക്കുന്ന ഗന്ധവും അനുഭവിച്ചുകൊണ്ട് എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴിയില്‍ കണ്ട താപമാപിനിയില്‍ അപ്പോള്‍ ചൂട് 52 ഡിഗ്രി! പക്ഷെ എന്റെ മനസ്സ് അപ്പോള്‍ മണിക്കൂറുകള്‍ക്കകം ഞാന്‍ അനുഭവിക്കുവാന്‍ പോകുന്ന ആ കുളിരിനെ കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ആ താപമാപിനി എന്നില്‍ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിച്ചില്ല.


രാത്രിയിലായിരുന്നു എന്റെ യാത്ര. എയര്‍പോര്‍ട്ട് ലോഞ്ചിലെ വിരസമായ ആ കാത്തിരിപ്പിലും മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങള്‍ മാത്രമായിരുന്നു എനിക്ക് കൂട്ട്. പുലര്‍ച്ചെ ആറ് മണിക്ക് നെടുംബാശേരിയില്‍ വിമാനം ഇറങുംബോള്‍ ശക്തമായ മഴയുണ്ടായിരുന്നു. കാതുകളിലേക്ക് ഇരച്ചെത്തിയ മഴയുടെ ശബ്ദം അപ്പോള്‍ കേട്ട് മതിവരാത്ത ഏതോ ഒരു പഴയ ഗാനം എന്നോണം എന്നെ ആനന്ദിപ്പിച്ചു. ഇടിയുടെയും മിന്നലിന്റെയും അകംബടിയോടെ അത് എന്നെ വരവേല്‍ക്കുന്നതായി എനിക്കു തോന്നി. ലഗേജുമായി പുറത്ത് വന്നപ്പോള്‍ നേരം കുറച്ച് കൂടി വെളുത്തിരുന്നു. മഴ ഏകദേശം തോര്‍ന്നുവെന്നു തോന്നി. പക്ഷെ ഇരുണ്ട ഈറനണിഞ്ഞ ശീതളമായ പ്രക്രിതിയുടെ ആ പച്ചപ്പ് എന്റെ മനസ്സിനെ വല്ലാതെ കോരിത്തരിപ്പിച്ചു. പുറത്ത് കടന്നപ്പോള്‍ ഗ്രിഹാതുരമായ എന്റെ നാടിന്റെ ഗന്ദം. അത് എനിക്കു മാത്രം തോന്നിയതാണോ എന്നെനിക്കറിയില്ല. എന്തായാലും പിറന്ന നാടിന്റെ ഗന്ദം എന്നത് ഞാന്‍ അപ്പോള്‍ ആസ്വദിക്കുകയായിരുന്നു.


മഴക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ തെരുവുകളും, ഭവനങളും, വ്രിക്ഷലതാതികളെല്ലാം കഴുകി വ്രിത്തിയാക്കിയത് പോലെ എനിക്ക് തോന്നി. അവക്കെല്ലാം കുളി കഴിഞ്ഞ് ഈറന്‍ എടുത്ത് നില്‍ക്കുന്ന മലയാളി മങ്കയുടെ ഭംഗി. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. കാറിന്റെ മുന്‍സീറ്റിലിരുന്ന് വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്താതെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ വല്ലാത്ത ഒരു അഭിനിവേശ്ത്തോടെ ഞാന്‍ എന്റെ മുഖം കൊണ്ട് ഒപ്പിയെടുത്തു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ ആദ്യമായി തോന്നിയത് ഒന്ന് കുളിക്കുവാനായിരുന്നു. ഷവറിന്റെ ചുവട്ടില്‍ നിന്ന് നല്ല തണുത്ത് വെള്ളം വീണപ്പോള്‍ ആദ്യം ഒന്ന് വിറച്ചു പോയി. പക്ഷെ ആ തണുപ്പ് സുഖകരമായ, മനസ്സിനെ മത്തു പിടിപ്പിക്കുന്ന കുളിരായി മാറിയത് പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ആലസ്യം - രാത്രിയിലെ യാത്ര ആയിരുന്നത് കൊണ്‍ടും സുഖകരമായ പുറത്തെ അന്തരീക്ഷം കൊണ്ടും എനിക്ക് നന്നായി ഉറക്കം വന്നിരുന്നു. അപ്പോഴും പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ നനുത്ത ശബ്ദം ഒരു താരാട്ട് പോലെ എന്നെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരിന്നു. ഇപ്പോള്‍ മഴ അതിന്റെ രൌദ്ര ഭാവത്തില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. എന്തൊരു ചന്തം..!! മഴയുടെ ശക്തി കാരണം അന്നു പുറ്ത്തേക്കൊന്നും പോകേണ്ട എന്നു ഉമ്മ എന്നെ ഉപദേശിച്ചു. സന്ധ്യയായപ്പോഴേക്കും തവളകളുടെ ക്രോം ക്രോം വിളികളും ചീവീടുകളുടെ ചൂളമടിയുമായി അന്തരീക്ഷം ശബ്ദമുഖരിതമായിത്തുടങി. രാത്രി വൈകിയും മഴ തുടര്‍ന്നു. പിറ്റേ ദിവസം പുലര്‍ച്ചേ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. മഴ അപ്പോഴും ചാറിക്കൊണ്ടിരുന്നു. തൊട്ടടുത്ത അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഒഴുകിയെത്തുന്ന “കാനന വാസാ, കലിയുഗ വരദാ” എന്ന ആ മനോഹര ഗാനത്തിന് മഴയുടെ നനുത്ത ശബ്ദം ശ്രുതി മീട്ടുന്നതായി എനിക്ക് തോന്നി. കിടക്ക വിട്ടെഴുന്നേറ്റ് പുറത്തു വന്നപ്പോള്‍, സുബഹി നമസ്കാരം നിര്‍വഹിച്ച് കൊണ്ടിരുന്ന ഉമ്മയുടെ ശബ്ദം കേട്ടു. ഞാന്‍ മെല്ലെ പൂമുഖ വരാന്തയുടെ വാതില്‍ തുറന്ന് അവിടെ ഇരിപ്പുറപ്പിച്ചു. അപ്പോള്‍ മഴക്ക് അകംബടിയായി കാറ്റും തുടങിയിരുന്നു. സിനിമാ കൊട്ടകയിലിരുന്ന് തന്റെ പ്രിയപ്പെട്ട നായകന്റെ സിനിമ വീക്ഷിക്കുന്ന പിഞ്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ ആ മഴയും പുറം കാഴ്ചകളും കണ്ടുകൊ‍ണ്ടിരുന്നു. അപ്പോഴേക്കും ഞാന്‍ ഉണര്‍ന്ന വിവരമറിഞ്ഞ ഉമ്മ നല്ല ചൂ‍ടുള്ള കട്ടന്‍ ചായയുമായി വന്നു. അതും മൊത്തിക്കൊണ്‍ടിരിക്കുംബോള്‍ അകലെ കാറ്റില്‍ ഉലഞ്ഞുകൊണ്ടിരുന്ന ഇലഞ്ഞിയും വേപ്പും എന്തോ സ്വകാര്യം പറഞ്ഞ് ആ‍ര്‍ത്ത് ചിരിക്കുന്നത് പോലെ തോന്നി. എന്നെ കളിയാക്കിയതാണൊ ആവോ? അപ്പോഴേക്കും ഗ്രുഹാതുരമായ “പൂ” വിളികളുമായി വഴിയില്‍ മത്സ്യ വില്പനക്കാര്‍ സജീവമായിത്തുടങി. പാല്‍ക്കാരന്റെയും, പത്രക്കാരന്റെയും സൈക്കിള്‍ മണികളും അതിന് അകംബടിയായെത്തി. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ആളുകളുടെ അടക്കിപ്പിടിച്ച സംസാരങളും ചുമയും. അതിനും ഉണ്ടായിരുന്നു ഒരു വല്ലാത്ത ഗ്രിഹാതുരത.


അന്ന് ഉചചയൂണ്‍ കഴിഞ്ഞ് ഭാര്യാ ഗ്രിഹത്തിലേക്ക് പോയിക്കൊന്‍ടിരുന്നപ്പോഴും മഴയുണ്ടായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും സ്റ്റീരിയോയില്‍ ഇട്ട് പ്രിയതമയോടൊപ്പം മഴയത്തുള്ള ആ യാത്ര! അങിനെ ഒരു മനോഹര സ്വപ്നം കൂടി പൂവണിയുകയായിരുന്നു.


ദിവസങള്‍ പോയിക്കൊണ്ടിരുന്നു. മഴ അപ്പോഴും ശക്തമായിത്തന്നെ തുടര്‍ന്നു. പഴയ ചങാതിയുമായുള്ള കുശലന്വേഷണത്തിനിടയില്‍ പണ്ടു ഞങള്‍ നീന്തിത്തുടിച്ചിരുന്ന കനാലിനെ കുറിച്ച് സംസാരിച്ചു. മനസ്സില്‍ ഒന്ന് നീന്തിക്കുളിക്കുവാനുള്ള ആ‍ഗ്രഹം കലശലായി. ഒന്നു നീന്തിക്കുളിക്കുന്നുവോ? ചങാതി എന്നോട് ചോതിച്ചു. അവന്‍ എന്നെ സൈക്കിളിന്റെ പിന്നിലിരുത്തി കനാലിലെ ഞങളുടെ പഴയ ആ കുളിക്കടവിലേക്ക് കൊണ്ട്പോയി. വെള്ളം നിറഞ്ഞു കിടക്കുന്ന വിശാലമായ പുഞ്ചപ്പാടവും കനാലും. ആദ്യം ഭയം കൊണ്ട് ഒന്നു അറച്ചെങ്കിലും, തോര്‍ത്ത് അരയില്‍ ചുറ്റി കനാലിലേക്ക് എടുത്ത് ചാടി. തണുപ്പ് കൊണ്ട് ആദ്യമൊന്ന് വിറച്ചു. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. അതുകൊണ്ട് കുളി മതിയാക്കിക്കയറി. പണ്ട് എത്ര മഴയത്തും രണ്‍ട് മൂന്നു മണിക്കൂറ് നീന്തിത്തുടിച്ചിരുന്നതാണ്‍.


അങനെ എന്റെ അവധിക്കാലത്തിന്റെ അവസാന ദിവസമായി. ഉറ്റവരോടും ഉടയവരോടും യാത്ര പറഞ്ഞ് വിതുംബുന്ന മനസ്സുമായി വണ്ടിയിലേക്ക് കയറുംബോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ മഴക്ക് ഇതുവരെയില്ലാത്ത ഒരു ഭാവമാണ് എനിക്ക് തോന്നിയത്. ഒരു തരം വിഷാദ ഭാവം. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. എന്നെ യാത്രയാക്കാന്‍ എന്തോ ഒരു വിഷമം ഉള്ളതു പോലെ. എന്തായാലും എന്റെ ഈ അവധിക്കാലം അവിസ്മരണീയമാക്കിയ എന്റെ മഴയോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പടിയിറങി. എയര്‍പോര്‍ട്ടിലെത്തി അകത്തുകടന്നു പുറത്തേക്ക് നോക്കി. അപ്പോള്‍ വിഷാദസാന്ദ്രമായി മഴ എന്നോട് പറയുന്നതായി എനിക്ക് തോന്നി. ..വിട..!! ഇനിയും വരില്ലേ??!! അങനെ ചോതിച്ചുവോ?!


കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളമെത്താറായപ്പോള്‍ പുറത്തെ താപനിലയെപ്പറ്റിയും മറ്റുമുള്ള പൈലറ്റിന്റെ വിവരണം കേട്ടപ്പോള്‍ നഷ്ടബോധത്താല്‍ എന്റെ മനസ്സ് വല്ലാതെ വിങി. വിമാനമിറങി പുറത്ത് കടന്നപ്പോള്‍ വീണ്ടും ഇന്ധന ഗന്ധം നിറഞ്ഞു നില്‍ക്കുന്ന പൊള്ളുന്ന അന്തരീക്ഷവും, വരണ്ട പൊടിപിടിച്ച മണല്‍ നിറമുള്ള കെട്ടിടങളും കണ്ടപ്പോള്‍ , ‘പരോള്‍’ കഴിഞ്ഞു മടങിയെത്തിയ തടവുപുള്ളിയെ പോലെ എന്റെ മനസ്സ് ഒന്ന് പിടച്ചുവോ..?

-ശുഭം-